
ദോഹ: ആഡംബര ഡിസൈനുകളുടെയും അപൂർവ്വ രത്നശേഖരങ്ങളുടെയും ആഗോള സംഗമവേദിയായ ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്സിബിഷന്റെ (DJWE) 22-ാമത് പതിപ്പിന് വർണ്ണാഭമായ തുടക്കം. ദോഹ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ (DECC) നടന്ന ചടങ്ങിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി എക്സിബിഷൻ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ശേഷം എക്സിബിഷന്റെ വിവിധ പവലിയനുകൾ സന്ദർശിച്ച പ്രധാനമന്ത്രി, ഖത്തറിലെയും അന്താരാഷ്ട്രതലത്തിലെയും പ്രമുഖ കമ്പനികൾ അണിനിരത്തിയ ആകർഷകമായ പ്രദർശന വസ്തുക്കൾ വീക്ഷിച്ചു. ആഗോള വിപണിയിൽ ശ്രദ്ധേയമായ പുതിയ ജ്വല്ലറി ഡിസൈനുകൾ, ലോകോത്തര വാച്ചുകൾ, അപൂർവ്വ രത്നങ്ങൾ എന്നിവ അദ്ദേഹം വിലയിരുത്തി.
ഷെയ്ഖുമാർ, മന്ത്രിമാർ, ഖത്തറിലെ വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ, മുതിർന്ന ഭരണാധികാരികൾ, പ്രമുഖ വ്യവസായ പ്രമുഖർ, വിവിധ പ്രദർശന കമ്പനികളുടെ പ്രതിനിധികൾ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഖത്തറിന്റെ ആഡംബര വിപണിക്ക് പുതിയ ഊർജ്ജം പകരുന്ന എക്സിബിഷൻ വരും ദിവസങ്ങളിലും വൻ ജനശ്രദ്ധ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.










